അവല്‍ ഉപ്പുമാവ്.
>> Tuesday, 17 March 2009
എവിടെത്തിരിഞ്ഞങ്ങ് നോക്കിയാലും അവിടെല്ലാം പാചക ബ്ലോഗ് മാത്രം’ എന്നായിട്ടുണ്ട് ഈ ബൂലോഗത്തിലെ സ്ഥിതി.
പിന്നെന്തിന് ഒന്നുകൂടി ?
ചുമ്മാ! പേരു സൂചിപ്പിക്കും പോലെ കുറെ പാചക വട്ടുകള്‍ എന്ന് കരുതിക്കോളൂ :)
കണ്ടും കേട്ടുമറിഞ്ഞതും മനസ്സിലോര്‍ത്തതും മുത്തശ്ശി ചൊന്നതും അമ്മ ചെയ്യിച്ചതും ....
ഓരോരോ പരീക്ഷണങ്ങള്‍... :)
(പാചകവിധികളുടെ പരീക്ഷണം @ യുവര്‍ ഓണ്‍ റിസ്ക് . പാചകവിധിയെ പഴിക്കാതെ സ്വന്തം വിധിയെന്നോര്‍ത്ത് സമാധാനിക്കുക :) )
ആദ്യമായി ഒരു സാള്‍ട്ട് മാംഗോ ട്രീ ! അതും അവല്‍ കൊണ്ട്.
അപ്പോ ഇന്നത്തെ പാചകവിഷയം അവല്‍ ഉപ്പുമാവ്.
ചേരുവകള്‍:
1.അവല്‍ : 250 ഗ്രാം
തേങ്ങ (ചിരവിയത്) : ഒരു കപ്പ്
2.എണ്ണ : ഒരു റ്റീസ്പൂണ്‍
കടുക് : ഒരു നുള്ള്
മല്ലി : ഒരു നുള്ള്
പെരുംജീരകം : ഒരു നുള്ള്
സവാള : വലുത് ഒന്ന് (കൊത്തിഅരിഞ്ഞത്)
പച്ചമുളക് : രണ്ടെണ്ണം
കറിവേപ്പില : ഒരു തണ്ട്
പച്ചക്കപ്പലണ്ടി : 25 ഗ്രാം
3.മഞ്ഞള്‍പ്പൊടി : കാല്‍ റ്റീസ്പൂണ്‍
ഉരുളക്കിഴങ്ങ് : വലുത് ഒന്ന് (ചെറുതായി അരിഞ്ഞത്)
പഞ്ചസാര : ഒരു റ്റീസ്പൂണ്‍
ഉപ്പ് : ആവശ്യത്തിന്
പാകം ചെയ്യുന്നത് :-
അവലും തേങ്ങയും കൂടി കുഴച്ച് പത്ത് മിനുട്ട് വെക്കുക. ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക. അതിലേക്ക് മല്ലിയും പെരുംജീരകവും ചേര്‍ക്കണം. സവാള കൊത്തിയരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. ശേഷംപച്ചമുളകും കറിവേപ്പിലയും പച്ചക്കപ്പലണ്ടിയും ചേര്‍ത്ത് മഞ്ഞള്‍പ്പൊടിയിട്ട് യോജിപ്പിക്കണം.
ചെറുതായി കൊത്തിയരിഞ്ഞ ഉരുളക്കിഴങ്ങും ഉപ്പും ചേര്‍ത്ത് ഇളക്കി വേകാന്‍ പാകത്തിന് കുറച്ചു നേരം അടച്ചുവെക്കുക. (ഉരുളക്കിഴങ്ങിന് ആവശ്യമായ ഉപ്പാണിത്. കിഴങ്ങില്‍ ഉപ്പ് പിടിക്കാതെ വരരുത്)
ഇനി തയ്യാറാക്കി വെച്ചിരിക്കുന്ന അവല്‍ ഈ കൂട്ടിലേക്ക് ചേര്‍ക്കുക. അല്‍പ്പം ഉപ്പ് കൂടി ചേര്‍ക്കാം.
ഒരു റ്റീ സ്പൂണ്‍ പഞ്ചസാര കൂടി ചേര്‍ത്ത് എല്ലാം കൂടി ഒന്നുകൂടി ഇളക്കി ഒരു മിനുട്ട് അടച്ചുവെക്കുക.
ചൂടോടെ വിളമ്പാവുന്ന ഒരു നാലുമണിപ്പലഹാരം റെഡി !